Sibeesh Venu
Sibeesh Venu I am Sibeesh Venu, an engineer by profession and writer by passion. Blogger, YouTuber, Photographer, Microsoft MVP

Let Us Save Our Nature


Let Us Save Our Nature

Location: Birkenfeld, Germany

ഇന്ന് ഒരുപാടു വർക്ക് ഉണ്ടായിരുന്നു. ഒരു വിധേന ജോലിയെല്ലാം തീർത്തു, സാധനങ്ങൾ വാങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു. പോരാത്തതിന് നല്ല വിശപ്പും. അടുക്കളയിൽ ഉള്ള കാലത്തു വെച്ച ചോറും കടല കറിയും കഴിക്കുമ്പോൾ, ഞാൻ ആലോചിച്ചു, ഇതിനു ഉച്ചക്ക് ഇത്ര ടേസ്റ്റ് ഉണ്ടായിരുന്നില്ലല്ലോ എന്ന്.

പുറത്തു നല്ല ഇളം കാറ്റ് ഉണ്ടായിരുന്നു. എന്നാ പിന്നെ കുറച്ചു നേരം ജനലുകൾ തുറന്നുവെക്കാം എന്ന് തന്നെ വച്ചു. ഇളം തെന്നൽ എന്നെ തലോടവേ, ഞാൻ ദൂരെ ആകാശത്തിലോട്ടു നോക്കി കൊണ്ടേ ഇരുന്നു.

അവൾ ഇന്ന് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു. അതോ എന്റെ വയറു നിറഞ്ഞതിന്റെ സന്തോഷത്തിൽ എനിക്ക് തോന്നുന്നതാണോ? എത്ര കണ്ടാലും മതി വരാത്ത ഒരു സൗന്ദര്യം!. എന്തോ ഒരു പ്രത്യേകത ഉണ്ട് ഇന്ന്, തീർച്ച.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ, അവൾ എന്നെ തിരിച്ചൊന്നു നോക്കി. ഹോ എന്തൊരു അഴകാണ് അവളുടെ മിഴികൾക്കു. ദൈവം നമുക്ക് കണ്ണുകൾ തന്നത് ഭൂമിയിൽ ഉള്ള സൗന്ദര്യങ്ങൾ കാണാനല്ലേ? ആ സൗന്ദര്യങ്ങൾ എല്ലാം ഇപ്പൊ ഇവിടെ എന്റെ മുൻപിൽ നിൽക്കുന്നത് പോലെ തോന്നുന്നു.

എന്താ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നേ ?

എന്താ പറഞ്ഞേ? കുറച്ചു നേരത്തിനു ശേഷം ഞാൻ അവളോട് തിരിച്ചു ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ വേറെ ഏതൊ ഒരു ലോകത്തിലേക്ക് പോയിരുന്നു. അത് കൊണ്ട് കുറച്ചു സമയം എടുത്തു, എനിക്ക് ഇപ്പോഴത്തെ ലോകത്തിലേക്ക് തിരിച്ചു വരാൻ.

ഹും എന്താ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നേ എന്ന് ?

എങ്ങനാ നോക്കാതിരിക്കാൻ പറ്റുക. നീ വളരെ അധികം സുന്ദരി ആണ്. നിന്നെ കണ്ടു നില്ക്കാൻ ആണോ ദൈവം എനിക്ക് രണ്ടു കണ്ണുകൾ തന്നത്? നിന്നെ ഒരു നോക്ക് കാണുമ്പോൾ എന്റെ എല്ലാ മാനസിക സംഘര്ഷങ്ങളും എങ്ങോട്ടോ അലിഞ്ഞു ചേരുന്നത് പോലെ.

അല്ലയോ സുന്ദരി, നീ ആരാണ്? നിന്നെ ഇനി എപ്പോഴാണ് ഞാൻ കാണുക.

നിങ്ങൾ ഒരു നല്ലവനാണെന്നു തോന്നുന്നു, പക്ഷെ എന്റെ സൗന്ദര്യം താൽക്കാലികം ആണ്, എപ്പോഴും ഇപ്പോൾ ഉള്ളത് പോലെ എനിക്ക് അത് കാത്തു സൂക്ഷിക്കാൻ പറ്റാറില്ല. അതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്.

എന്ത്? ഒരായിരം ആശ്ചര്യ ഭാവത്തോടെ ഞാൻ ചോദിച്ചു.

ഞാൻ പറഞ്ഞത് സത്യം തന്നെ.

നിന്റെ സഹോദരങ്ങൾ, എന്നെ പിച്ചി ചീന്തുമ്പോൾ നിന്റെ കരങ്ങൾ എവിടെ ആയിരുന്നു?

നിന്റെ കണ്ണുകൾക്കു എന്തെ അപ്പോൾ മങ്ങൽ ഏറ്റു?

നിന്റെ കാലുകൾക്കു എന്തുകൊണ്ട് എന്റെ അടുത്തേക്ക് ഓടി എത്താൻ പറ്റാതിരുന്നത്?

നിന്റെ കാതുകൾക്കു എന്റെ രോദനങ്ങൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ?

എന്റെ ശരീരം നീറുമ്പോഴും, ചോര പൊടിഞ്ഞു മണ്ണിനോട് ചേരുമ്പോഴും, ഞാൻ വിചാരിച്ചിരുന്നു, എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന്!. പക്ഷെ ആരും വന്നില്ല.

ഇപ്പോൾ കുറച്ചു കാലങ്ങൾ കഴിഞ്ഞു. ഇത് എന്റെ ഒരു പുതിയ ജന്മമാണ്. എനിക്ക് ഭയമാണ്, എനിക്ക് എന്റെ പഴയ സൗന്ദര്യം തിരിച്ചു വരുമ്പോൾ, ഒരിക്കലും ഉണങ്ങാത്ത ഓർമ്മകൾ മനസിന്റെ കോണിൽ കിടന്നു മുറുമുറുക്കുന്നുണ്ട്, ഇനിയും എത്ര നാൾ!!!!

അവൾ പറഞ്ഞു തീരുന്നതിനു മുൻപേ, എന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്റെ കണ്ണുകളും, എന്റെ കാലുകളും, എന്റെ കൈകളും എല്ലാം നിശ്ചലം മാത്രം.

പെട്ടന്നുള്ള എതോ ശബ്ദം കേട്ട് ഉണർന്നു എണീറ്റ എന്നോട് എന്റെ മനസ് പറയുന്നുണ്ടായിരുന്നു, പൊരുതണം, അത് നിന്റെ കടമയാണ്.

ഒരായിരം മരങ്ങൾ ആണ് നമ്മുടെ പ്രകൃതിയിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നത്. മാലിന്യങ്ങൾ ദിനം പ്രതി ഉയർന്നു കൊണ്ടേ ഇരിക്കുന്നു. നമ്മുടെ പ്രകൃതിയെ പിച്ചി ചീന്തുന്ന ഇങ്ങനത്തെ പ്രവൃത്തികൾക്കെതിരെ നാം പോരാടേണ്ട കാലം പണ്ടേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വരൂ സഹോദരങ്ങളെ, നമുക്ക് നല്ല ഒരു നാളേക്ക് വേണ്ടി പോരാടാം.

എ ബ്ലോഗ് ബൈ ഞാൻ ഒരു മലയാളി

Subscribe to our YouTube channel for videos: https://bit.ly/2wvG8eZ

Rating:

comments powered by Disqus